മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കേണ്ടത് പൊലിസിന്റെ നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
എടവണ്ണ കൊളപ്പാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നുള്ള ശബ്ദമലിനീകരണത്തിനെതിരേ പരിസരവാസി സമർപ്പിച്ച പരാതിയിലാണ് നടപടി.
മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ ശബ്ദപരിശോധനയിൽ അനുവദനീയമായ പരിധിയിയേക്കാൾ ഉയർന്ന ശബ്ദനില രേഖപ്പെടുത്തിയ സാഹചര്യത്തിൽ നിയമം അനുശാസിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ ശബ്ദവർധക ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരനായ ജയനും കുടുംബത്തിനും ശബ്ദമലീനീകരണം കാരണം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ശബ്ദമലിനീകരണ നിയന്ത്രണ നിയമം എടവണ്ണ എസ്എച്ച്ഒ കർശനമായി നടപ്പാക്കണം.
ക്ഷേത്രത്തിൽനിന്ന് അനുവദനീയമായ പരിധിക്കപ്പുറം ശബ്ദം പുറപ്പെടുവിക്കന്നത് തടയുന്നതിന് നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. പരാതിയിൽ ഉന്നയിച്ച സ്വകാര്യതാ ലംഘനം, സിസിടിവി കാമറകളുടെ ഉപയോഗം, പൊതുവഴി ഉപയോഗിക്കുന്നതിനുള്ള തടസം എന്നിവ സംബന്ധിച്ച പരാതികളും നിഷ്പക്ഷമായി പരിശോധിച്ച് നിയമവിരുദ്ധമായ സാഹചര്യമുണ്ടെങ്കിൽ പരിഹരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരന്റെ ജീവിക്കാനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, സഞ്ചാര സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനുള്ളിൽ എടവണ്ണ എസ്എച്ച്ഒ കമ്മീഷനെ അറിയിക്കണം.